Blog

നടി അമല പോൾ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ കാണാം

Published

on

തെന്നിന്ത്യൻ താരം അമല പോൾ വീണ്ടും വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമല പോൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. രണ്ട് ഹൃദയങ്ങള്‍, ഇനി ഒരുമിച്ചെന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ജഗത് ദേശായി കുറിച്ചത്. ഒട്ടേറെ പേരാണ് അമലയ്‍ക്കും ജഗത്തിനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗത്. അടുത്തിടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. ‘എന്റെ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു’ എന്ന കുറിപ്പോടെയാണ് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ജഗദ് പങ്കുവെച്ചത്. അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം അറിയിച്ചത്. 

അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014–ലായിരുന്നു സംവിധായകൻ എ എൽ വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. പിന്നീട് 2017 ല്‍ ഇരുവരും വിവാഹമോചിതരായി. അക്കാലത്ത് വിജയ്‍യുടെ കുടുംബം താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. വിവാദങ്ങളില്‍ അമല ഒന്നും പ്രതികരിച്ചിരുന്നില്ല. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിങുമായി അമല പോള്‍ ലിവിങ് റിലേഷനിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ചിരുന്നു.

മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളാണ് അടുത്തിടെ അമല പോളിന്റേതായി വെള്ളിത്തിരയിലെത്തിയത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന പുതിയ ചിത്രം.

Trending

Exit mobile version