Sports
ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; 18 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്ന് പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ശ്രീശാന്ത് അടക്കമുള്ളവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തത്. കണ്ണപുരം സ്വദേശിയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരമാണ് കേസ്.
ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ പണം തിരികെ ചോദിച്ചു. അപ്പോള്‍ സ്ഥലത്ത് ശ്രീശാന്തിന് ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടിയെന്നും പരാതിക്കാരൻ നൽകിയ ഹർജിയിലുണ്ട്. കോടതി നിർദേശ പ്രകാരം കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്.