Entertainment
ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ പെൺകുട്ടിയെ പരിചയപ്പെടുത്തി ഷൈന്‍ ടോം ചാക്കോ
നടൻ ഷൈൻ ടോം ചാക്കോ ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് നടന്‍ ചിത്രം പങ്കുവച്ചത്. ഇതോടെ ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ വാർത്തകൾ ഉടലെടുത്തു. ആ പെൺകുട്ടി ആരാണെന്നായിരുന്നു പലരുടെയും ചോദ്യം. ഇപ്പോഴിതാ അതേ പെണ്‍കുട്ടിയുമായി പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് ഷൈന്‍. തന്റെ പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
ഫാഷന്‍ ഡിസൈനറും ഷൈനിന്റെ സ്റ്റൈലിസ്റ്റുമായ സാബി ക്രിസ്റ്റിയും ഷൈനും തനൂജയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വൈന്‍ ഗ്ലാസുകളുടേയും ഹാര്‍ട്ടിന്റേയും ഇമോജികളോടെയാണ് സാബി ചിത്രങ്ങള്‍ പങ്കുവെച്ചത്. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ തനൂജ്ക്കൊപ്പമുള്ള വിഡിയോ ഷൈൻ ടോം പങ്കുവച്ചിട്ടുണ്ട്. ലവ് സ്മൈലിയാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. താരങ്ങളും ആരാധകരുടമക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തുന്നത്.
കാമുകിക്കൊപ്പം ഷൈൻ ടോം ഓഡിയോ ലോഞ്ചിനെത്തി എന്ന അടിക്കുറിപ്പോടെ നിരവധി വിഡിയോകളാണ് യൂട്യൂബിലും മറ്റും പ്രചരിക്കുന്നത്. തനൂജ എന്നാണ് ഷൈൻ ടോമിന്റെ സുഹൃത്തിന്റെ പേര്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ട്വിന്നിംഗ് ഡ്രെസ് കോഡുമായാണ് ഇരുവരും എത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുമ്പോള്‍ത്തന്നെ ഇത് ആരാണെന്ന് ചോദ്യത്തിന് ഉത്തരം ആകെ പേര് മാത്രമായിരുന്നു. തനൂജയുമായുള്ള ബന്ധമെന്തെന്ന് വേദിയിൽ വച്ചും നടൻ വ്യക്തമാക്കിയില്ല. എന്നാൽ ഇരുവരും പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. സുഹൃത്തിനെ പരിചയപ്പെടുത്താമോ എന്ന് മാധ്യമങ്ങൾ ചോദിച്ചെങ്കിലും ഷൈൻ ഒഴിഞ്ഞു മാറുകയായിരുന്നു. ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്നു മാത്രം ഷൈൻ പറയുകയുണ്ടായി.