Entertainment
ഗർഭിണിയാണെന്ന് വെളിപ്പെടുത്തി അമല പോൾ
നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം വെളിപ്പെടുത്തിയത്. നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം എന്ന അടിക്കുറിപ്പോടെയാണ് മറ്റേണിറ്റി ചിത്രങ്ങള്‍ അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
2023 നവംബർ ആദ്യ വാരമായിരുന്നു അമല പോളിൻറെ രണ്ടാം വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭർത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. അമല പോളിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുന്നത്.
2014–ലായിരുന്നു സംവിധായകൻ എ എൽ വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. പിന്നീട് 2017 ല്‍ ഇരുവരും വിവാഹമോചിതരായി. അക്കാലത്ത് വിജയ്‍യുടെ കുടുംബം താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. വിവാദങ്ങളില്‍ അമല ഒന്നും പ്രതികരിച്ചിരുന്നില്ല. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിങുമായി അമല പോള്‍ ലിവിങ് റിലേഷനിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ചിരുന്നു.