Entertainment
30 സെക്കൻഡ് റീൽസിനായി അമല ഷാജി ചോദിച്ചത് 2 ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും; തല കറങ്ങി പോയെന്ന് തമിഴ് സംവിധായകൻ
ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ ആളാണ് അമല ഷാജി. മലയാളി ആണെങ്കിലും തമിഴ്നാട്ടിലാണ് അമലയ്ക്ക് ആരാധകർ കൂടുതലുള്ളത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 4.1 മില്യൺ ഫോളോവേഴ്സ് ആണുള്ളത്. ഇപ്പോഴിതാ അമലയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകനും ഗാനരചയിതാവും നടനുമായ പിരിയൻ.
30 സെക്കൻഡുള്ള സിനിമ പ്രമോഷനുവേണ്ടി അമല രണ്ട് ലക്ഷം രൂപ ചോദിച്ചുവെന്നും അവരുടെ ആവശ്യം കേട്ടപ്പോൾ തന്റെ തല കറങ്ങിയെന്നും പിരിയന്‍ പറയുന്നു. പിരിയൻ നായകനായി എത്തി സംവിധാനം ചെയ്യുന്ന ‘അരണം’ എന്ന സിനിമയുടെ പത്രസമ്മേളനത്തിൽ വച്ചായിരുന്നു ഈ വെളിപ്പെടുത്തൽ. ” ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തുകൊണ്ടുവരാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇൻസ്റ്റഗ്രാമിൽ രണ്ട് നിമിഷം നൃത്തമാടുന്ന പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്ക് പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല, അപ്പോഴാണ് വെണ്ടും രണ്ട് സെക്കൻഡിന് അൻപതിനായിരം ചോദിക്കുന്നത്. ”-പിരിയന്‍ പറയുന്നു
” കേരളത്തിലുളള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീല്‍സ് സർ എന്ന് പറഞ്ഞു. 30 സെക്കൻഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങൾക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു. വിമാനടിക്കറ്റുവരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങിപ്പോയി. ഞാൻ പോലും ഫ്ലൈറ്റിൽ പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്ലൈറ്റിൽ കൊണ്ടുവരുന്നതെന്നും ചോദിച്ചിരുന്നു.”-എന്നാണ് പിരിയന്‍് പറയുന്നു.