Entertainment
പാട്ടുകാരൻ പാട്ടെഴുത്തുകാരനായി, ‘ദർശന’യ്ക്കൊപ്പം കൂടെപ്പോന്നു ഫിലിംഫെയർ പുരസ്കാരം!…
ഫിലിം ഫെയർ എനിക്ക് അപ്രതീക്ഷിതമായി വന്ന സന്തോഷമാണ്. ദർശന കഴിഞ്ഞിട്ട് രണ്ടുവർഷത്തിലധികമായി. തികച്ചും അപ്രതീക്ഷിതമായിരുന്നു പുരസ്കാര വാർത്ത. തന്നെയുമല്ല പാട്ടെഴുത്തിന് വ്യക്തിഗത അവാർഡ് തരുന്നത് വലിയ സന്തോഷമാണ്.
151 ദശലക്ഷം കാഴ്ചക്കാർ, അമ്പതിനായിരത്തിനടുത്ത് കമന്റുകൾ.. ദർശന എന്ന സാധാരണ പേരിനെ അതിസാധാരണമാക്കി തീർത്ത, മലയാളികളുടെ ‘ഹൃദയ’ത്തിൽ പ്രണയ പ്രപഞ്ചം തീർത്ത ദർശന ഗാനം പിറന്നിട്ട് രണ്ടുവർഷങ്ങൾ. മികച്ച ഗാന രചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഗാനം. അപ്രതീക്ഷിത നേട്ടത്തെക്കുറിച്ച് പാട്ടിന്റെ രചയിതാവ് അരുൺ ഏളാട്ട് മനസ്സു തുറക്കുന്നു.
ഫിലിം ഫെയർ എനിക്ക് അപ്രതീക്ഷിതമായി വന്ന സന്തോഷമാണ്. ദർശന കഴിഞ്ഞിട്ട് രണ്ടുവർഷത്തിലധികമായി. തികച്ചും അപ്രതീക്ഷിതമായിരുന്നു പുരസ്കാര വാർത്ത. തന്നെയുമല്ല പാട്ടെഴുത്തിന് വ്യക്തിഗത അവാർഡ് തരുന്നത് വലിയ സന്തോഷമാണ്.
സ്വപ്നമൊരു ചാക്ക് എന്ന പാട്ടുപാടിയാണ് സിനിമയിലെ രംഗപ്രവേശം. 2010 മുതൽ 19 വരെ പാട്ടുപാടി നടന്ന ആളാണ്. സംഗീത സംവിധാനവും പശ്ചാത്തല സംഗീതമൊരുക്കലും എല്ലാം ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ രചന മനസ്സിൽ ഉണ്ടായിട്ടേ ഇല്ല. ഹോം എന്റെ സുഹൃത്തുക്കളുടെ പടമായിരുന്നു. ഡയറക്ടർ റോജിൻ തോമസും സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യവും ഞാനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ആ സമയത്ത് എന്റെ സ്വന്തം രചനകൾ കേട്ട് ഇവരാണ് ഹോമിന് വേണ്ടി എഴുതാൻ പറയുന്നത്. അങ്ങനെയാണ് ഹോമിലെ മുകിൽ തൊടാൻ എന്ന പാട്ട് സംഭവിക്കുന്നത്. അപ്പോഴും അത് പ്രഫഷനാക്കാനുള്ള തീരുമാനം എടുത്തിരുന്നില്ല. പിന്നീട് രാഹുലിന്റെ സെയ്ഫ് എന്ന പടത്തിലും ഞാനെഴുതി. ആ പാട്ട് വിനീതേട്ടൻ പാടുകയും അതിൽ സ്പാർക്ക് തോന്നി ഹൃദയത്തിലേക്ക് വിളിക്കുകയുമാണ് ചെയ്തത്.
ആദ്യ എഴുത്തിൽ തന്നെ ദർശന ഓക്കേയായി. എനിക്ക് വലിയ ആത്മവിശ്വാസം ആണ് നൽകിയത്. ദർശന പാൻ ഇന്ത്യ ലെവലിൽ ജനപ്രിയമായ പാട്ടാണ്. സംഗീത ജീവിതത്തിൽ ഹൃദയം എന്ന സിനിമ ഒരു വഴിത്തിരിവായിരുന്നു.
ടർക്കിഷ് തർക്കം എന്ന സിനിമയാണ് റിലീസ് ആകാനുള്ളത്. അതുപോലെ കത്തനാര്, അത് ഹോം ടീമിന്റെ സിനിമയാണ്. അതിൽ എഴുതിയിട്ടുണ്ട്. ഒരുപാട് കാലമായി കൂടെ ഉള്ളപാട്ടുകൾ ചെയ്യാനുള്ള ശ്രമവും നടക്കുന്നു. സിനിമയുടെ തിരക്കുകൾ കാരണം ചെയ്യാൻ വിട്ടുപോയ കാര്യങ്ങൾ പൊടി തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്..