Trending

ഇത് ഇത്തിരി കടന്നുപോയി, ഏറെ വേദനയും അമർഷവുമുണ്ട്; കേരളീയം പരിപാടിക്കെതിരെ ബാലചന്ദ്രമേനോൻ

Published

on

സംസ്ഥാന സർക്കാരിനെ കേരളീയം 2023 എന്ന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയിൽ തന്റെ ചിത്രങ്ങളെ തഴഞ്ഞതിനെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. മലയാള സിനിമയുടെ വളർച്ച കാണിക്കുന്ന ചിത്രങ്ങളാണ് കേരളീയം മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്റെ ചിത്രങ്ങൾ ഇല്ലെന്നത് ഒത്തിരി വിഷമം ഉണ്ടാക്കിയെന്ന് ബാലചന്ദ്രമേനോൻ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ബാലചന്ദ്രമേനോൻ തൻറെ അമർഷം രേഖപ്പെടുത്തിയത്. ചില സംവിധായകന്മാരുടെ രണ്ട് ചിത്രങ്ങളും തിയേറ്ററിൽ ഓടാത്ത സിനിമകളും ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമ്പോഴാണ് തൻറെ ഒരു ചിത്രം പോലും ഇടം പിടിക്കാതിരുന്നത്. തനിക്ക് തന്റേതായ പ്രേക്ഷകരുണ്ട്, അവരോടുള്ള അവഹേളനം കൂടിയാണ് സർക്കാരിൻറെ ഈ നടപടിയെന്ന് ബാലചന്ദ്രമേനോൻ കുറ്റപ്പെടുത്തുന്നു.

‘സമാന്തരങ്ങൾ’ എന്ന സിനിമയുടെ പത്ത് ഡിപ്പാർട്ട്മെന്റുകൾ താൻ ഒറ്റയ്ക്ക് ചെയ്തതും ആ സിനിമയ്ക്ക് ദേശീയ തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചതുമാണ്. ബാലചന്ദ്ര മേനോന്റെ സിനിമകൾ ഇല്ലെങ്കിലും ചലച്ചിത്രമേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ പ്രേക്ഷകരോടു നീതി പുലർത്തേണ്ടതുണ്ട് എന്നുള്ളതുകൊണ്ടാണ് ഇത് തുറന്ന് ബാലചന്ദ്രമേനോൻ കൂട്ടിച്ചേർക്കുന്നു.

മനസിൽ ദുഃഖം വെച്ചുകൊണ്ട് ചിരിച്ചുകൊണ്ടുപറയാൻ താൻ രാഷ്ട്രീയക്കാരനല്ലെന്ന ആമുഖത്തോടെയാണ് ബാലചന്ദ്രമേനോൻ ഫേസ്ബുക്ക് ലൈവ് ആരംഭിക്കുന്നത്.
ഉള്ളത് ഉള്ളതുപോലെ പറയുന്നത് സിനിമയിലും സ്വകാര്യജീവിതത്തിലും താനിന്നുവരെ അനുവർത്തിച്ചിട്ടുണ്ട്. രാജാവ് നഗ്നനാണെങ്കിൽ തല പോയാലും അങ്ങനെ തന്നെ പറയുമെന്നും ബാലചന്ദ്രമേനോൻ പറയുന്നു. 1980 ൽ ഇറങ്ങിയ ഒരു പടത്തെപ്പറ്റി ഇപ്പോൾ പോലും ഉറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാൽ അയ്യോ എനിക്കറിയാം എന്ന് പറയുന്ന രീതിയിൽ ഉള്ള ഒരു പ്രേക്ഷകവൃന്ദം എനിക്കുണ്ട്. അവരെ മൊത്തത്തിൽ അവഹേളിക്കുന്ന ഒരു കാര്യമാണ് ഇത്. അല്ലാതെ ബാലചന്ദ്രമേനോന്റെ സിനിമ ഇല്ലെങ്കിലും ചലച്ചിത്രമേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒരു നീതി പുലർത്തണമായിരുന്നുവെന്നും ബാലചന്ദ്രമേനോൻ പറഞ്ഞുവെക്കുന്നു.

നവംബർ ഒന്നാം തീയതി ആയിട്ട് പൊങ്ങച്ചം പറയുകയാണ് എന്ന് ധരിക്കരുത്. പക്ഷേ പൊങ്ങച്ചം പറയാൻ ബാധ്യസ്ഥനാകുകയാണ്. “സമാന്തരങ്ങൾ” മാത്രം എടുത്തു നോക്കൂ, സഖാവ് നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ സംസ്ഥാന സർക്കാർ എനിക്ക് അതിന് അവാർഡ് തന്നത് വിവിധ മേഖലകളിൽ പുലർത്തിയ മികവിനാണ്. കേന്ദ്രത്തിൽ വന്നപ്പോൾ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. സമാന്തരങ്ങളിൽ പത്ത് ഡിപ്പാർട്ട്മെന്റ് ആണ് ഒറ്റയ്ക്ക് ചെയ്തത്. അങ്ങനെ ഒരു റെക്കോർഡ് വേറെ ആർക്കും ഇല്ല. ഇതൊക്കെ എനിക്ക് പറയേണ്ടി വന്നതിൽ വിഷമമുണ്ടെന്നും ബാലചന്ദ്രമേനോൻ പറയുന്നു.

സ്ത്രീപക്ഷ സിനിമയായി ‘അച്ചുവേട്ടന്റെ വീട്’, തമാശ പറയുകയാണെങ്കിൽ ‘ചിരിയോ ചിരി’ എന്നിവയൊക്കെ ട്രെൻഡ് സ്റ്റാർ ആയിരുന്നു. അതിനുശേഷമാണ് നാടോടിക്കാറ്റ് ഒക്കെ വരുന്നത്. ഏപ്രിൽ മാസം എന്ന് പറഞ്ഞു കഴിഞ്ഞാൽ സിനിമ ഇഷ്ടപ്പെടുന്നവർ അറിയാതെ ‘ഏപ്രിൽ 18’ എന്ന് പറഞ്ഞുപോകും. അപ്പോൾ ഇതൊന്നും ജനപ്രീതി ഉള്ള സിനിമയല്ലേ? എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ തീരുമാനം എടുത്തിട്ടുള്ള ചലച്ചിത്ര ഗ്രമേറിയൻ ആരാണെങ്കിലും അത് നീതിക്ക് നിരക്കാത്ത പ്രവർത്തിയാണെന്ന് ബാലചന്ദ്രമേനോൻ കുറ്റപ്പെടുത്തുന്നു. സംവിധായകൻ മോഹന്റെയും ഒരു പടവും കണ്ടില്ല അതിൽ. മോഹൻ നല്ല പടങ്ങൾ എടുത്തിട്ടുള്ള ആളല്ലേ. എല്ലാം ഏമാന്മാർ തീരുമാനിക്കുകയാണെങ്കിൽ കഷ്ടമല്ലേ ഇതൊന്നും ബാലചന്ദ്രമേനോൻ ചോദിക്കുന്നു.

Trending

Exit mobile version