Blog
‘അഹാനയ്ക്ക് യൂട്യൂബിൽ നിന്ന് പൈസ വന്നപ്പോൾ ഞെട്ടി’; യൂട്യൂബ് ചാനൽ തുടങ്ങിയ കഥ പറഞ്ഞ് ദിയ കൃഷ്ണ
സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി, ഹൻസിക എന്നിവർക്ക് സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സംരംഭകയുമായ ദിയ ഇപ്പോൾ തന്റെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ദിയയുടെ വ്യക്തി ജീവിതം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ദിയയുടേയും അശ്വിന്റേയും പ്രണയവും വിവാഹവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.
നാല് വർഷത്തോളമായി യൂട്യൂബിൽ സജീവമാണ് ദിയ. ഓസി ടോക്കീസ് എന്നാണ് ദിയയുടെ ചാനലിന്റെ പേര്. ഒരു മില്യണിലേറെ സബ്സ്ക്രൈബേഴ്സും ദിയയുടെ ചാനലിനുണ്ട്. ഗർഭകാല വിശേഷങ്ങൾ ദിയ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്. താൻ എങ്ങനെയാണ് വ്ളോഗിങ്ങിലേക്ക് എത്തിയത് എന്ന് വെളിപ്പെടുത്തുകയാണ് ദിയ കൃഷ്ണ ഇപ്പോൾ. കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാനയാണ് ആദ്യം യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും അത് കണ്ട് പഠിച്ചാണ് മറ്റുള്ളവരും ചാനൽ തുടങ്ങിയതെന്ന് കുടുംബം നേരത്തെയും പറഞ്ഞിരുന്നു.
ചേച്ചിയായ അഹാനയ്ക്ക് യൂട്യൂബിൽ നിന്ന് പൈസ വന്നത് കണ്ട് താൻ ഞെട്ടിയെന്നും കൊറോണ കാലം എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നപ്പോൾ തങ്ങളുടെ കുടുംബത്തിന് അത് അനുഗ്രഹമായിരുന്നെന്നുമാണ് ദിയ ഇപ്പോൾ വെളിപ്പെടുത്തിയത്. ദിയയുടെയും ഭർത്താവ് അശ്വിന്റെയും അടുത്ത സുഹൃത്തായ അഭിറാം കൃഷ്ണകുമാറിന്റെ യുട്യൂബ് ചാനലിൽ അതിഥികളായി എത്തിയപ്പോഴാണ് യൂട്യൂബിൽ എങ്ങനെയാണ് സജീവമായതെന്നും ദിയ പറയുന്നു. താൻ യൂട്യൂബ് ചാനൽ തുടങ്ങാൻ കാരണം ചേച്ചി അഹാനയാണെന്നാണ് ദിയ പറയുന്നത്.
”കൊറോണ കാലത്ത് ഒരു ദിവസം അമ്മു (അഹാന) ഞങ്ങള്‍ മാലി ദ്വീപില്‍ പോയ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. എന്തിനാണ് ഈ കഷ്ടപ്പെടുന്നത്? അതെടുത്ത് യൂട്യൂബില്‍ ഇട്ടിട്ട് എന്ത് കിട്ടാനാണ് എന്നൊക്കെ ആയിരുന്നു അന്ന് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ അതിൽ നിന്നും പൈസ വന്നപ്പോളാണ് യൂട്യൂബിൽ വീഡിയോ ഇട്ടാൽ പൈസ കിട്ടും എന്നൊക്കെ ഞാൻ അറിയുന്നത്. എനിക്കും ഒരു അക്കൗണ്ട് ഉണ്ടാക്കിത്തരുമോ എന്ന് ഞാൻ അമ്മുവിനോട് ചോദിച്ചു. നിനക്കും അക്കൗണ്ട് ഉണ്ടല്ലോ എന്ന് അമ്മു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ജിമെയിൽ അക്കൗണ്ട് ഉള്ള എല്ലാവർക്കും യൂട്യൂബ് അക്കൗണ്ട് ഉണ്ടാകും എന്ന കാര്യം അപ്പോളാണ് ഞാൻ അറിഞ്ഞത്. അങ്ങനെയാണ് ഞാന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. മീന്‍ കറി ഉണ്ടാക്കുന്ന വീഡിയോ ആണ് ആദ്യം അപ് ലോഡ് ചെയ്തത്. കൊറോണ സമയം എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് ഒരനുഗ്രഹമായിരുന്നു”- ദിയ കൃഷ്ണ പറഞ്ഞു.