Entertainment
പ്രഭുവിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി ദുൽഖറും ഭാര്യയും
തമിഴ് നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിൽ തിളങ്ങി ദുൽഖർ സൽമാനും ഭാര്യയും. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ദുൽഖർ സൽമാനും ഭാര്യയും പങ്കെടുത്തിരുന്നു. ‘മാർക്ക് ആന്റണി’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ ആദിക് രവിചന്ദ്രനാണ് ഐശ്വര്യയെ വിവാഹം കഴിച്ചത്. ഇരുവരുടെയും വീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രഭുവിന്റെ മകനും നടനുമായ വിക്രം പ്രഭുവിന്റെ അടുത്ത സുഹൃത്താണ് ദുൽഖർ.
നടനും സംവിധായകനുമായ ആദിക് രവിചന്ദ്രൻ 2015ൽ തൃഷ ഇല്ലാനാ നയൻതാര എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തെത്തിയത്. ഈ വർഷം പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിലൂടെ ആദിക് ഹിറ്റ് സംവിധായകനായി മാറി. പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുള്ള ആദിക് രവിചന്ദ്രൻ, നേർകൊണ്ട പാർവൈ, കോബ്ര എന്നീ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ആദിക്. 2024ൽ ഈ സിനിമ ആരംഭിച്ചേക്കും.
കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ഐശ്വര്യയുടെ ഏക സഹോദരനാണ് നടൻ വിക്രം പ്രഭു. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ദുൽഖർ സൽമാനെയുെ ഭാര്യ അമാലിനെയും നടി ലിസിയെയും പ്രത്യേക ക്ഷണിച്ചിരുന്നു. ലിസിയാണ് ഐശ്വര്യയുടെയും ആദിക്കിന്റേയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ആദിക്കിനും ഐശ്വര്യയ്ക്കും വിവാഹ മംഗളാശംസകൾക്കൊപ്പമാണ് ലിസി ചിത്രങ്ങൾ പങ്കുവച്ചത്.