Entertainment
‘ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല; മകളുടെ കാര്യത്തിലും അങ്ങനെയായിരിക്കും’: മോഹൻലാൽ
താൻ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചയാളല്ലെന്ന് നടൻ മോഹൻലാൽ. തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും അങ്ങനെയൊന്നും ഉണ്ടാകില്ല. സ്ത്രീധനം ശരിയായ രീതിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും താരം തുറന്ന് പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സ്ത്രീധനത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.
ഒട്ടേറെ സിനിമകളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളിൽ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി സംഘർഷമുണ്ടാകാറുണ്ടെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശരിയല്ലെന്നും മോഹൻലാൽ പറയുന്നു. ‘നേര്’ എന്ന തന്റെ പുതിയ സിനിമ സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ സ്ത്രീധനം എന്ന സമ്പ്രദായത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി.
മലയാളത്തിലെ ഹിറ്റ് കോമ്പോ ആയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ ചിത്രം ‘നേര്’ ഡിസംബര്‍ 21 ന് പുറത്തിറങ്ങുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.