Entertainment
നടി ഹരിത ജി.നായർ വിവാഹിതയായി; വരൻ ‘ദൃശ്യം 2’ എഡിറ്റർ വിനായക്
സീരിയല്‍ നടി ഹരിത ജി നായര്‍ വിവാഹിതയായി. ദൃശ്യം 2, 12 ത്ത് മാന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയ വിനായക് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് തിങ്കള്‍ക്കലമാന്‍ എന്ന പരമ്പരയിലെ കീര്‍ത്തി എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ് ഇരുവരും. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും ഹരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘‘ഞാനും വിനായകും വളരെ ചെറുപ്പം മുതലേ ഉള്ള അടുത്ത കൂട്ടുകാരാണ്. ഒരു ക്ലാസ്സിലും നമ്മൾ ഒരുമിച്ചു പഠിച്ചിട്ടില്ല. ഞങ്ങൾ ഒരു എട്ടുപേരായിരുന്നു കൂട്ടുകാർ. ഏഴാം ക്ലാസിൽ പഠിക്കുന്ന വരെ ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് ചോദിക്കുമ്പോൾ എന്റെ അമ്മയുടെ പേരാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അപ്പോൾ എനിക്ക് തോന്നി ഇനി ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ പേര് പറയണം എന്ന്. അങ്ങനെയാണ് വിനായകിനെ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കുന്നത്.” ഹരിത പറയുന്നു.
നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്. ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം.