Trending
ഈ അമ്മയെയും മകളെയും അറിയുമോ? മകളുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ ഗായിക
മലയാളി പ്രേക്ഷകരുടെ പ്രിയഗായികയാണ് സുജാത മോഹൻ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും സുജാത തന്റേതായ ഒരിടമുണ്ടാക്കിയിട്ടുണ്ട്. അമ്മയെപ്പോലെ തന്നെ മകൾ ശ്വേതയും മലയാളികൾക്ക് പ്രിയപ്പെട്ട ഗായകയാണ്.
1963 മാർച്ച് 31ന് ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി കൊച്ചിയിലാണ് സുജാത ജനിച്ചത്. എട്ടാം വയസ് മുതൽ സംഗീതം അഭ്യസിച്ച് തുടങ്ങി. 1975ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെയാണ് സുജാത പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. അതേവർഷം ‘കാമം ക്രോധം മോഹം‘ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ… എന്ന ഗാനം ആലപിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.
പിന്നീട് നിരവധി അവസരങ്ങൾ ബേബി സുജാതയെ തേടിയെത്തി.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചുനാൾ സിനിമാപിന്നണി ഗാനമേഖലയിൽ നിന്നും വിട്ടുനിന്ന സുജാത വിവാഹ ശേഷമാണ് പിന്നീട് സജീവമായത്. അമ്മയുടെ വഴിയെ ഏക മകൾ ശ്വേത മോഹനും സംഗീതലോകത്തേക്ക് എത്തിയതോടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതകുടുംബമായി മാറി സുജാതയുടേത്.
അമ്മയെപ്പോലെ തന്നെ ശ്വേതയുടെ ആലാപനവും മനസിന് കുളിർമ നൽകും. 2003ൽ ത്രീ റോസസ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ശ്വേത
പിന്നണി ഗാനരംഗത്ത് സജീവമായത്. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ പല പ്രഗത്ഭരായ സംഗീത സംവിധായകരുടേയും കീഴിൽ ശ്വേത മികച്ച ഗാനങ്ങൾ ആലപിച്ചു.
2005ൽ ബൈ ദ പീപ്പിൾ എന്ന സിനിമയിൽ പാടിക്കൊണ്ടാണ് ശ്വേത മലയാള സിനിമയിൽ തുടക്കം കുറിച്ചത്. 2011 ജനുവരിയിലാണ് ശ്വേത വിവാഹിതയായത്. ഭർത്താവ് അശ്വിൻ ശശി. ശ്വേത-അശ്വിൻ ദമ്പതികൾക്ക് ശ്രേഷ്ഠ എന്നൊരു മകളുണ്ട്.
ഇപ്പോഴിതാ മകളുടെ കുട്ടിക്കാലത്തെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുജാത. കുഞ്ഞ് ശ്വേതയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന തൻറെ ചിത്രമാണ് സുജാത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മൈ ബേബി എന്ന അടിക്കുറിപ്പോടെയാണ് സുജാത മകളുടെ ചിത്രം പങ്കുവെച്ചത്. നിരവധി പേർ ചിത്രത്തിന് ആശംസകൾ അറിയിച്ചു.