Blog
അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം; മകളുടെ വിവാഹത്തിന് നഞ്ചിയമ്മയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപി
സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ് സുരേഷ് ഗോപി. മകൾ ഭാഗ്യയുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മയെ സുരേഷ് ഗോപി ക്ഷണിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നഞ്ചിയമ്മയെ നേരിട്ട് കണ്ടാണ് അദ്ദേഹം മകളുടെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇരുവരുടെയും കൂടികാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലാകുകയാണ്.
എനിക്ക് അമ്മയില്ല, ആ സ്ഥാനത്ത് നിന്ന് കല്യാണം നടത്തി തരണമെന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറയുന്നത്. തുടർന്ന് നഞ്ചിയമ്മയുടെ കാലിൽ വീണ് നമസ്കരിക്കുകയും നെറുകയിൽ ചുംബിക്കുകയും ചെയ്തു സുരേഷ് ഗോപി. സാറ് പറഞ്ഞതുപോലെ തന്നെ ദേശീയ അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞാണ് നഞ്ചിയമ്മ സുരേഷ് ഗോപിയോട് സംസാരിച്ച് തുടങ്ങിയത്. നഞ്ചിയമ്മയെ സുരേഷ് ഗോപി പൊന്നാട അണിയിക്കുന്നതും തന്റെ വീട്ടിൽ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
നേരത്തെ പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. ഭാര്യ രാധികയ്‌ക്കും മൂത്ത മകൾ ഭാഗ്യക്കുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുരേഷ് ഗോപി സന്ദർശിച്ചത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ശ്രേയസ് മോഹനാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് ജൂലൈയിൽ നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കും.