Trending
‘നോ ബോഡി ടച്ചിങ്…’; അടുത്തേക്കെത്തിയ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപി. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സുരേഷ് ഗോപി വിവാദത്തിൽ ഇടം പിടിച്ചത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരുടെ തോളിൽ കൈവരിച്ചതിനെതിരെ വൻ വിമർശനങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ഉയർന്നത്. തുടർന്ന് സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തി.
താൻ ഒരു അച്ഛന്റെ വാത്സല്യത്തോടെയാണ് തലോടിയത് എന്നതായിരുന്നു സംഭവത്തെ കുറിച്ച് വിശദീകരിച്ച് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ നടൻ മാപ്പ് പറഞ്ഞതായി തോന്നിയില്ലെന്നും ഒരു വിശദീകരണം നൽകിയതായാണ് തോന്നിയതെന്നുമാണ് പരാതിക്കാരി പറഞ്ഞത്. സംഭവത്തിൽ മാധ്യമപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്.
വിവാദ സംഭവങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സുരേഷ് ഗോപിയുടെ വാക്കുകളാണ് വൈറലാകുന്നത്. കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കൊപ്പം കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.