bollywood
വിജയ് സേതുപതിയുടെ ‘മഹാരാജ’ ബോളിവുഡിലേക്ക്? റീമേക്ക് ചെയ്യാൻ ഈ സൂപ്പർതാരം !!
വിജയ് സേതുപതി നായകനായ മഹാരാജ ബോളിവുഡ് റീമേക്കിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ആമിർ ഖാനാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 100 കോടി ക്ലബിൽ കയറിയ ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രവുമാണിത്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്തത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്. ആരാൺമയ് 4 ആണ് ഈ വർഷം 100 കോടി കടന്ന ആദ്യ തമിഴ് ചിത്രം. ഈ ചിത്രത്തിന്റെ കളക്ഷനെയും മറികടന്നിരുന്നു മഹാരാജ.
വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ. പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹൻദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.